2017-08-05

ഡോ. സഫിയയുടെ വിജയഗാഥ; പ്രവാസി വിട്ടമ്മമാര്‍ക്ക് ഒരു പാഠ പുസ്തകം

ബഷീര്‍ മാറഞ്ചേരി
വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍െറ കൂടെ പ്രവാസ ലോകത്തേക്ക് വരുന്ന സ്ത്രികളുടെ കണ്ണില്‍ പലപ്പോഴും ഒരു കണ്ണുനീരിന്‍െറ നനവ് ബാക്കിയുണ്ടാകും. പിറന്ന നാടും വീടും വിടുന്ന സങ്കടത്തിനപ്പുറം തുടര്‍ പഠനം മുടങ്ങി പോയതിലുള്ള സങ്കടമാകും അതിന് പ്രധാന കാരണം. ഭര്‍ത്താവ് ജോലിക്ക് പോയി കഴിഞ്ഞാല്‍ ഈ കണ്ണിരിന്‍െറ നനവ് മനസിലാകെ പടര്‍ന്ന് അസ്വസ്ഥത പടര്‍ത്തും. മാനസികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വരെ ഇത് കാരണമായേക്കാം. തുടര്‍ന്ന് പഠിക്കാനുള്ള മോഹം. അത് ഭര്‍ത്താവിനോട് തുറന്ന് പറയാനുള്ള മടി. പുതിയ ലോകത്തെ പാഠശാലകളെ കുറിച്ചുള്ള ഭയം, ഉത്കണ്ഡ എന്നിവയാണ് പ്രവാസ ലോകത്ത് എത്തുന്ന സ്ത്രികളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം ഭയങ്ങളും ഉത്കണ്ഡകളും  മാറും, ഡോ. സഫിയ എന്ന മലപ്പുറം ജില്ലയിലെ എടപ്പാളുക്കാരിയുടെ വിജയഗാഥ അറിഞ്ഞാല്‍. പ്രതിസന്ധികളെയെല്ലാം അതിജയിച്ചാണ് അവര്‍ ഉന്നത ബിരുദങ്ങളും ഉയര്‍ന്ന ജോലിയും നേടിയത്. മുന്നില്‍ വന്ന് നിന്ന തടസങ്ങളെയെല്ലാം വളരെ തന്ത്രപൂര്‍വ്വം മറികടക്കാന്‍ അവര്‍ക്കായി. ഇതിനായി പഠനത്തിനും കുടുംബത്തിനുമായി സമര്‍പ്പിച്ച മനസിന്‍െറ പിന്തുണയും വിദ്യയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഭര്‍ത്താവിന്‍െറ പ്രോത്സാഹനവുമാണ് അവര്‍ക്ക് തുണയായത്. 

പഠനകാലത്തെ വിവാഹം
പൊന്നാനി  എം.ഇ.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളായിരുന്നു സഫിയയുടെ വിവാഹം.  സയന്‍സ് മുഖ്യവിഷമായെടുത്തായിരുന്നു അവര്‍ പഠിച്ചിരുന്നത്. മനസ് നിറയെ ഗവേഷണമായിരുന്നു. സയന്‍സ് ലാബില്‍ തവളകളെ കീറിമുറിച്ച് ആന്തരികാവയവങ്ങളുടെ സൂക്ഷ്മ ചലനങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച് പഠിക്കുന്നതിനിടക്കാണ് വിവാഹം കടന്ന് വരുന്നത്.  മനസ് നിറയെ തുടര്‍പഠനങ്ങളിലൂടെ വെട്ടിപ്പിടിക്കാന്‍ പോകുന്ന വലിയ ലോകമായിരുന്നു അത് വരെ. വിവാഹത്തോടെ എല്ലാം അവസാനിക്കുമെന്ന് തന്നെയാണ് കരുതിയത്. 1980ല്‍ പൊന്നാനി എം.ഇ.എസ് കോളജിന്‍െറ പടിയിറങ്ങുമ്പോള്‍ സഫിയയുടെ കണ്ണുകളില്‍ അറിയാതെ നനവ് പടര്‍ന്നിരുന്നു. തൊട്ടടുത്ത് നിന്ന് കേള്‍ക്കുന്ന അറബി കടലിന്‍െറ അലര്‍ച്ചയായിരുന്നു അവരുടെ മനസിലപ്പോള്‍. പടിയിറങ്ങി നടക്കുമ്പോഴും കണ്ണുകള്‍ കലാലയത്തില്‍ തന്നെ ഉടക്കി നിന്നു. 

ഭര്‍ത്താവിന്‍െറ പിന്തുണ

തമിഴ്നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് എം.എഫ്.ബി ബിരുദം നേടിയ സൈതാലിയായിരുന്നു സഫിയയുടെ ജീവിത പങ്കാളിയായത്തെിയത്. ഷാര്‍ജയിലെ പള്ളിയില്‍ ഖത്തീബായിരുന്നു അദ്ദേഹം അപ്പോള്‍. സ്ത്രി വിദ്യഭ്യാസത്തെ ഏറെ മാനിച്ചിരുന്നു അദ്ദേഹം. സ്ത്രികള്‍ സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങളില്‍ എത്തണമെന്ന ആശയക്കാരനുമായിരുന്നു അദ്ദേഹം. ഇത് സഫിയയുടെ പഠന മോഹത്തിന് വീണ്ടും ചിറകുമുളക്കാന്‍ കാരണമായി. ഷാര്‍ജയിലെ ഇടുങ്ങിയ മുറികളില്‍ കഴിഞ്ഞ ഒറ്റപ്പെട്ട അവസരങ്ങളിലെ ചിന്ത തുടര്‍പഠനത്തെക്കുറിച്ച് മാത്രമായിരുന്നു.  ആഗ്രഹം അറിയിച്ചപ്പോള്‍ ഭര്‍ത്താവിന്‍െറ പൂര്‍ണ പ്രോത്സാഹനം കിട്ടി. ശാസ്ത്ര പഠന മോഹം തല്‍ക്കാലം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും അവര്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലേക്ക് തിരിച്ചത്തെി.

ഇച്ഛാശക്തി കൈവിടാതെയുള്ള പഠനം

1982ല്‍ സ്വന്തമായി അഫ്ദലുല്‍ ഉലമക്ക് പഠിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്‍െറ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു ഇത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് വിശ്രമമില്ലാത്ത നാളുകളായിരുന്നു. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ബിരുദങ്ങളാണ് ഈ മലയാളി വീട്ടമ്മ സ്വന്തമാക്കിയത്. ബി.എ ഓണേഴ്സ് നേടിയ ശേഷം പ്രസ്റ്റണ്‍ യൂനിവേഴ്സിറ്റിയുടെ അജ്മാന്‍ സെന്‍ററില്‍ നിന്ന് ബി.എ.ഐ.എസ്, 1995ല്‍ അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ നിന്ന് ലോക ചരിത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദം, 2002ല്‍ ഇതേ സ്ഥാപനത്തില്‍ നിന്ന് ബി.എഡ്, പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയ പ്രസ്റ്റണ്‍ യൂനിവേഴ്സ്റ്റിയില്‍ നിന്ന് പി.എച്ച്.ഡി തുടങ്ങി സഫിയ നേടിയെടുത്ത ബിരുദങ്ങളും അംഗീകാരങ്ങളും നിരവധിയാണ്. 

ഉമ്മക്കും മകനും ഒരേ വേദിയില്‍ ബിരുദദാനം

സഫിയ അജ്മാന്‍ റൂളേഴ്സ് കോര്‍ട്ട് പ്രസിഡന്‍റ് ഡോ. മാജിദ് ബിന്‍ സായിദ് ആല്‍ നുഐമിയില്‍ നിന്ന് പിഎച്ച്.ഡി ഏറ്റുവാങ്ങുമ്പോള്‍ മൂന്നാമത്തെ മകന്‍ ഷഫീഖ് സൈതാലി  വിവര സാങ്കേതിക വിദ്യയില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും എത്തിയിരുന്നു. അങ്ങിനെ ഉമ്മയും മകനും ഒരേ വേദിയില്‍ അംഗീകാരം കരസ്ഥമാക്കുന്ന അസുലഭ മുഹൂര്‍ത്തമായി അത് മാറി. ടെലിവിഷന്‍, റേഡിയോ ചര്‍ച്ചകളില്‍ സഫിയ പങ്കെടുക്കാറുണ്ട്. കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന് കരുത്ത് പകര്‍ന്ന് വേണം മറ്റ് വഴികളിലേക്ക് സ്ത്രികള്‍ ഇറങ്ങാന്‍. ഇത് വഴി കുടുംബത്തിന് ഭദ്രത കൈവരുന്നതോടൊപ്പം വഴികള്‍ സുഖമുള്ളതുമായി മാറുമെന്നാണ് സഫിയയുടെ അഭിപ്രായം. അറിവ് എല്ലാ ഇരുട്ടിനെയും അകറ്റുന്ന വെളിച്ചമാണെന്നും അത് എത്ര തന്നെ കൈവരിച്ചാലും പൂര്‍ത്തിയാകില്ളെന്നും സഫിയ പറയുന്നു.

ജോലിയും കുടുംബവും

ജോലി ലഭിക്കുന്നതോടെ കുടുംബത്തെ എങ്ങിനെ കൊണ്ട് നടക്കുമെന്ന ഭീതിയും പ്രവാസ ലോകത്തെ വീട്ടമ്മമാരെ അലട്ടുന്ന പ്രശ്നമാണ്. ജോലിക്ക് ആളെ കിട്ടാനുള്ള പ്രയാസം. രേഖകളില്ലാതെ ഇവിടെ കഴിയുന്ന സ്ത്രികളെ ജോലിക്ക് വെച്ചാലുള്ള ഭവിഷ്യത്തുകള്‍, നിയമപരമായ തടസങ്ങള്‍ എന്നിവയെല്ലാം തലവേദനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ പിറവിയിലാണ് ഡോ. സഫിയ ദല്‍ഹി പ്രൈവറ്റ് സ്കൂളില്‍ ജോലിക്ക് കയറുന്നത്. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിലായിരുന്നു തുടക്കം. 2001ല്‍ അധ്യാപികയുടെ വേഷമണിഞ്ഞു. 2001ല്‍ സീനിയര്‍ സെക്കന്‍ഡറി ടീച്ചറായി സ്ഥാനക്കയറ്റം. 2004ല്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഇസ്ളാമിക് എജുക്കേഷന്‍െറ തലപ്പത്തത്തെി. 2006 മുതല്‍ ദുബൈ മെഡിക്കല്‍ കോളജില്‍ ഇസ്ളാമിക് ഫിഖ്ഹില്‍ വിസിറ്റിങ് അധ്യാപികയുടെ റോളും ഇവര്‍ക്കുണ്ടായിരുന്നു. രണ്ട് തവണ ശൈഖ് ഖലീഫ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരും ഉള്‍പ്പെട്ടിരുന്നു. ജോലിയും പഠനവും അഞ്ച് മക്കളുടെ പരിപാലനവുമെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ ഭംഗിയായി നിറവേറ്റുന്നു. വീട്ട്ജോലിക്ക് ആരെയും അവര്‍ നിറുത്തിയില്ല. മക്കളുടെ പഠനവും അവരുടെ പരിപാലനത്തിനും ജോലിയോ പഠനമോ തടസമായില്ല. മക്കളെല്ലാം ഇന്ന് ഉന്നത സ്ഥാനങ്ങളിലാണ്. രാവിലെ മുതല്‍ ഉച്ച വരെ ജോലിക്കും ബാക്കി സമയം പഠനത്തിനും കുടുംബത്തിനുമായി മാറ്റിവെച്ച് വിജയത്തിന്‍െറ ഉന്നത സോപാനം വെട്ടിപ്പിടിച്ച ഡോ. സഫിയയുടെ ജീവിതം പ്രവാസി വീട്ടമ്മമാര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: