2011-11-15

എം.പി. ഗംഗാധരന്റെ ചിതാഭസ്മം നിള ഏറ്റുവാങ്ങി

Posted on: 15 Nov 2011




മാറഞ്ചേരി : കര്‍മമണ്ഡലത്തെയും സഹപ്രവര്‍ത്തകരെയും സാക്ഷിയാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.പി. ഗംഗാധരന്റെ ചിതാഭസ്മം നിള ഏറ്റുവാങ്ങി. ദീര്‍ഘകാലം തന്റെ കര്‍മവീഥിയാക്കിയിരുന്ന പൊന്നാനിക്കെതിര്‍വശത്ത് തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിലായിരുന്നു ഗംഗാധരന്റെ അവസാന പിടിചാരവും ലയിച്ചുചേര്‍ന്നത്.

തിങ്കളാഴ്ച കാലത്ത് ഒന്‍പതോടെയാണ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ചടങ്ങുകള്‍ നടന്നത്. ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി, മക്കളായ ദിനേശ്കുമാര്‍, രമേശ്കുമാര്‍, ബിന്ദു വിനോദ്, സഹോദരങ്ങളായ വാസുദേവന്‍, കുട്ടിശങ്കരന്‍, സോമസുന്ദരന്‍, പീതാംബരന്‍, ജനാര്‍ദനന്‍, ലീലാവതി, ലക്ഷ്മിക്കുട്ടി, ഇന്ദിര, ബന്ധുമിത്രാദികള്‍ എന്നിവര്‍ ചടങ്ങുകളില്‍ ഭാഗഭാക്കായി. ക്ഷേത്രം കര്‍മി ഗോപകുമാര്‍ ഇളയത് ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിച്ചു.

ചിതാഭസ്മകലശ നിമജ്ജനത്തിനുശേഷം പിതൃതര്‍പ്പണ ബലിയും ഉണ്ടായി. പിന്നീട് നിളയില്‍ മുങ്ങി എല്ലാവരും നാവാമുകുന്ദനെ തൊഴുതു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളെല്ലാം നടത്തിയാണ് ബന്ധുക്കള്‍ മടങ്ങിയത്.

ഞായറാഴ്ച രാത്രി തിരുനാവായയിലെത്തിയ ചിതാഭസ്മകലശം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് മംഗലം ഗോപിനാഥാണ് ഏറ്റുവാങ്ങിയത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേക പീഠത്തില്‍ വെച്ചിരുന്ന ചിതാഭസ്മകലശത്തില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കോണ്‍ഗ്രസ്‌നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

ചടങ്ങുകളില്‍ പങ്കാളികളാവുന്നതിനുവേണ്ടി മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, യു.ഡി.എഫ് കണ്‍വീനര്‍, യു. അബൂബക്കര്‍, വി.എം. കൊളക്കാട്, വി. മധുസൂദനന്‍, പാഴൂര്‍ മുഹമ്മദ്കുട്ടി, വി. സൈത്മുഹമ്മദ്തങ്ങള്‍, വി. സുധാകരന്‍, ടി.പി. വിജയകുമാര്‍, കെ. സതീശ്കുമാര്‍, ദിനേശ്കുമാര്‍, ബാബു കാര്‍ത്തികേയന്‍, ഫാത്തിമബീവി, എം.കെ. മുഹമ്മദാജി, ടി.കെ. അലവിക്കുട്ടി, ക്ഷേത്രം മാനേജര്‍ വി. ഹരിദാസ്, ക്ഷേത്രംകര്‍മി കൃഷ്ണകുമാര്‍ ഇളയത്, മോനുട്ടി പൊയിലിശ്ശേരി, സി.പി. നിസാര്‍, രാമു ഹനുമാന്‍കാവ്, എ.പി. മൊയ്തീന്‍കുട്ടി, സക്കീര്‍ കാരത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: