2011-11-15

എന്‍ജിനിയര്‍മാരില്ല; കോടികളുടെ നിര്‍മാണം സ്തംഭനത്തില്‍

Posted on: 15 Nov 2011


മാറഞ്ചേരി: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും അതിനുകീഴിലെ നാല് ഗ്രാമപ്പഞ്ചായത്തുകളിലും എന്‍ജിനിയര്‍മാരില്ലാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്നു.

എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി ഗ്രാമപ്പഞ്ചയത്തുകളിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലുമാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഇവിടങ്ങളിലെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച താത്കാലിക എന്‍ജിനിയര്‍മാരാണ്‌ജോലി ചെയ്തിരുന്നത്. ഇവരെല്ലാം ആറുമാസ കാലാവധി കഴിഞ്ഞതോടെ പിരിഞ്ഞുപോയി. വട്ടംകുളത്തിനും തവനൂരിനും വേണ്ടി ഉണ്ടായിരുന്ന മൂന്ന് ഓവര്‍സിയര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തില്‍ നിന്നുള്ളവയും എം.എല്‍.എ, എം.പി, വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നീ ഫണ്ടുകളില്‍ നിന്നുള്ളവയുമടക്കം കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്യാന്‍ കാത്തുകിടക്കുന്നത്. എല്ലായിടത്തുംകൂടി കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി നാനൂറോളം പണികളാണ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ടതായുള്ളത്. എന്‍ജിനിയറും ഓവര്‍സിയറുമില്ലാതെ ഒരു പണിയും നടക്കുകയുമില്ല.

പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പത്മനാഭന്‍ കഴിഞ്ഞദിവസം എടപ്പാളിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്‍കിയിരുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടായിട്ടില്ല. ചൊവ്വാഴ്ച തവനൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

അഭിപ്രായങ്ങളൊന്നുമില്ല: