2011-11-14

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടി

Posted on: 14 Nov 2011



മാറഞ്ചേരി.അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടും പൊന്തയുംകെട്ടി ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായതിനെത്തുടര്‍ന്ന് പരിസരവാസികള്‍ ദുരിതത്തില്‍.

എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പറമ്പിലാണ് 35 സെന്റ് ഭൂമി അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.

കരുവാന്‍പറമ്പില്‍ അറമുഖന്‍, സഹോദരി തങ്കമ്മാള്‍ എന്നിവരായിരുന്നു സ്ഥലമുടകള്‍. ഇവര്‍ നാലുവര്‍ഷംമുമ്പ് മരിച്ചു. പഴകിദ്രവിച്ച ഇവരുടെ വീട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ സ്ഥിതിയിലാണിപ്പോള്‍.

അവകാശികളാരുമില്ലാത്തതിനെത്തുടര്‍ന്ന് ഈ ഭൂമി ജില്ലാകളക്ടര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. എന്നാല്‍ പിന്നീട് ഇവിടെ ഒന്നും നടന്നില്ല. ഗ്രാമപ്പഞ്ചായത്തില്‍ത്തന്നെ ഒട്ടനവധി സ്ഥാപനങ്ങള്‍ സ്വന്തം സ്ഥലവും കെട്ടിടവുമില്ലാതെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടാകുകയാണെങ്കില്‍ കെട്ടിടം നിര്‍മിച്ച് അത്തരം ഓഫീസുകള്‍ക്ക് ഇതുപയോഗിക്കാം. നാട്ടുകാര്‍ പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഇപ്പോള്‍ കാടുകെട്ടിക്കിടക്കുന്ന ഈ പറമ്പ് പട്ടികളുടെയും കുറുക്കന്മാരുടെയുമെല്ലാം വിഹാരകേന്ദ്രമാണ്. പട്ടികള്‍ ചത്തുകിടന്ന് ദുര്‍ഗന്ധംമൂലം പരിസരവാസികള്‍ക്ക് താമസിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കളങ്കര മുഹമ്മദ്, കഴുകില്‍ സക്കീന, പുല്‍പ്രവളപ്പില്‍ സുരേഷ്, ആതിര ബാബു തുടങ്ങി ഒട്ടനവധി വീട്ടുകാര്‍ ഇതിനുചുറ്റും ഭീതിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. അടിയന്തരമായി ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: